Wednesday, November 23, 2016

House-wife

ഇഡ്ഡലിമാവരച്ച് പാത്രങ്ങളിൽ പകർന്നു വില്‍പ്പനയ്ക്കു ശശിയേട്ടന്ടെ കൈയിൽ കൊടുത്തു വിടുമ്പോൾ അറിയാതെ നെടുവീർപ്പിട്ടുപോയി. പുലര്‍ച്ചെ മൂന്നു മണിക്ക് തുടങ്ങിയതാണ്. ഇപ്പോൾ സമയം ഏഴുകഴിഞ്ഞു. ഇനി മക്കളെ സ്കൂളിൽ പറഞ്ഞുവിടണം. വിനുകുട്ടനെ പരീക്ഷയ്ക്കു തയ്യാറാക്കണം. മാറ്റിവച്ചിരുന്ന സ്വല്പം മാവെടുത്ത് വേഗം ദോശച്ചുട്ട് മക്കൾക്കുള്ള ടിഫിൻ തയ്യാറാക്കി. രാവിലത്തെ എല്ലാ പരിപാടിയും തീർത്തു ഓട്ടോയിൽ വിനുവിനേയും; മനുവിനേയും സ്കൂളിലേയ്ക്കു പറഞ്ഞുവിട്ടു ഗേറ്റ് അടച്ചു വീട്ടിന്നുള്ളിലേയ്ക്കു കയറുമ്പോൾ സമയം എട്ടര. കുളിച്ച് മുഷിഞ്ഞ വസ്ത്രം മാറ്റി കിടക്കയിലേയ്ക്ക് വീണു.
              പതിനൊന്നു മണിക്ക് അലാറമടിച്ചു. പിടഞ്ഞെഴുന്നേറ്റു ഊണിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.  അടുത്തുള്ള അപ്പാർട്ടുമെന്ടുകളിൽ മാവു വില്‍പ്പന കഴിഞ്ഞെത്തി കിടന്നുറങ്ങുന്ന രവിയേട്ടനെ വിളിച്ചെഴുന്നേൽപിച്ചു.........."ദാ.....ആ മൂന്നു അപ്പാർട്ടുമെന്ടുകളിൽ അമ്മമാർ തനിച്ചാണല്ലോ. അവർക്കുള്ള ഉച്ചഭക്ഷണം ഒരുക്കേണ്ടേ ? "......
                 രണ്ടു പേരും കറികൾക്കൊരുക്കി പാത്രങ്ങളിൽ പകർന്ന് വീണ്ടും വണ്ടിയിൽ കയറ്റിക്കൊണ്ടു പോയി.
                   നാലുമണിക്ക് ഊണു കഴിഞ്ഞു . ഗേറ്റ് തുറന്നു ഓടി വരുന്ന വിനുവും,  മനുവും വിളിച്ചു കൂവി. "അമ്മേ ........വിശക്കുന്നു. " കഴിച്ചു കൊണ്ടിരിക്കുമ്പോൾ വിനുക്കുട്ടൻടെ പരാതി,  "അമ്മേ....ഇന്നു GK orals നു മിസ്സ് ചോദിച്ചു . What is your father? അമ്മ പറഞ്ഞില്ലേ, business എന്ന്. ഞാൻ അതു പോലെ തന്നെ പറഞ്ഞു. പക്ഷേ What is your mother ? എന്നു ചോദിച്ചു. ഞാൻ പറഞ്ഞു. എനിക്കറിയില്ല എന്ന്. എവിടെയെങ്കിലും ജോലിക്കു പോകുന്നുണ്ടോ അമ്മ എന്നു മിസ്സു ചോദിച്ചു. ഇല്ല എന്നു ഞാൻ പറഞ്ഞു. അപ്പോൾ മിസ്സു പറഞ്ഞു My mother is a house-wife എന്നെഴുതുവാൻ."
           "അമ്മേ.........അമ്മയ്ക്ക് ഒരു ജോലിയും ഇല്ല.  അല്ലേ....? " വിനുക്കുട്ടൻടെ ചോദ്യം ഉയര്‍ന്നു. മീര ഗദ്ഗദം അടക്കി പറഞ്ഞു,  "അതെ....ഒരു ജോലിയും ഇല്ല. House-wife തന്നെ മോനെ."

No comments:

Post a Comment