Monday, March 6, 2017

വിധിയെ ജയിച്ചവൾ

ഊർമ്മിളയ്ക്ക് രണ്ടു കുട്ടികൾ; ഒരു പെണ്ണും ഒരാണും. മൂത്ത പെൺകുട്ടി ഏറെനാളത്തെ കാത്തിരുപ്പിനു ശേഷമാണുണ്ടായത്. രണ്ടാമത് ഒരാൺകുഞ്ഞ് ജനിച്ചപ്പോൾ അതിയായി സന്തോഷിച്ചു. പക്ഷേ വിധിയുടെ കരാളഹസ്തങ്ങൾ വരിഞ്ഞുമുറുക്കപ്പെടുന്ന  മനുഷ്യരുടെ ഒരു പ്രതിനിധിയായിമാറി ഊർമ്മിള. അവർക്കു ജനിച്ച രണ്ടു കുട്ടികളും ജന്മനാ അന്ധർ; കൂടാതെ മറ്റെന്തൊക്കെയോ ജനിതകവൈകല്യങ്ങളും.....!
           വളരെ ആത്മവിശ്വാസത്തോടെയും പ്രസരിപ്പോടെയും സംസാരിച്ചുകൊണ്ടിരുന്ന ഊർമ്മിളയോട് നിങ്ങൾക്കെങ്ങനെ ഇത്ര ഓജസോടെ ജീവിക്കുവാനാകുന്നു എന്നു ചോദിച്ച എന്നോടവർ പറഞ്ഞു : നോക്കൂ. ........കണ്ണുനീരിന്റെ ഒരു കാലം എനിക്കുണ്ടായിരുന്നു. പക്ഷേ വിധി എന്നിലടിച്ചേല്പിച്ച പ്രഹരങ്ങൾക്ക് ഞാനൊരു മറുപടി കൊടുക്കുവാൻ തീരുമാനിച്ചു. അതിപ്രകാരമായിരുന്നു; എന്നിൽ നിക്ഷിപ്തമായ  - ഒരുപാട് അപൂർണ്ണതകളുളള - ഈ രണ്ടു കുഞ്ഞുങ്ങളേയും, അവരുടെ പോരായ്മകളെ പതിന്മടങ്ങ് അതിജീവിക്കുവാനുള്ള ശക്തി ആർജ്ജിക്കുവാൻ ഞാനവരെ പ്രാപ്തരാക്കും. ഹൃസ്വകാലം മാത്രമാണ് ഇവരുടെ ആയുർദൈർഘ്യം എന്നെനിക്കറിയാം......അവർ പറഞ്ഞു നിര്‍ത്തി.
                  വിശ്വസിക്കാനാവാതെ സ്തബ്ദയായിരുന്ന  എന്നോടവർ തുടര്‍ന്നുപറഞ്ഞു: ഞാൻ ജോലിക്കു പോകുമ്പോൾ തനിയെ വീടുനോക്കുവാനും, സ്വയം പ്രതിരോധിക്കുവാനുമുള്ള കഴിവവർക്കുണ്ട്. ലൈൻ ബസ്സിലാണവർ പഠിക്കുവാൻ പോയി വരുന്നത്. അതു കൂടാതെ ശാസ്ത്രീയ സംഗീതവും അഭ്യസിക്കുന്നു. അത്യാവശ്യം കച്ചേരികളിലും പങ്കെടുക്കാറുണ്ട്.
              ഊർമ്മിളയുടെ പാദസ്പർശം ഏറ്റ ഭൂമിപോലും പവിത്രമെന്ന് എനിക്കു തോന്നി.  ഇത്രയും മാനസികസംയമനത്തോടിരിക്കുന്ന അവർക്കു മുന്നിൽ തൊഴുകൈകളോടെ ശിരസ്സുനമിച്ചു നിന്നുപോയി ഞാൻ.

No comments:

Post a Comment